District News
കൊല്ലം: ഗതാഗതനിയമലംഘനം റോഡ് സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ആനി ജൂല തോമസ് മുന്നറിയിപ്പ് നല്കി. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന റോഡ് സുരക്ഷാ സമിതിയോഗത്തില്‍ അധ്യക്ഷയായ ജില്ലാ കലക്ടര്‍ അപകടസാധ്യത ഉയര്‍ത്തുന്ന ബസ് സ്റ്റോപ്പുകള്‍ പുന:ക്രമീകരിക്കുമെന്നും വ്യക്തമാക്കി.
കര്‍ബല ബാലികാമറിയം സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് റോഡ് മുറിച്ച്കടക്കാന്‍ സഹായകമായതരത്തില്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കടവൂര്‍ മുട്ടത്ത്മൂല റോഡില്‍ കെ എസ് ഇ ബിയുടെ ട്രാന്‍സ്ഫോര്‍മറിന്റെ സ്ഥാനംമാറ്റിയുള്ള സുഗമഗതാഗത സാധ്യതകള്‍ പരിശോധിക്കും. മണ്‍റോതുരുത്ത് കനറാബാങ്ക് ജംഗ്ഷനില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തും.
മേവറം ദേശീയപാതയിലെ പള്ളിമുക്ക്-പോളയത്തോട് ജംഗ്ഷനുകളിലെ ഗതാഗതകുരുക്ക് പരിഹരിക്കാനും നടപടി സ്വീകരിക്കും. അഞ്ചല്‍ ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളുടെ പരിസരങ്ങളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
District News
മാഹി: മേഖലയിൽ പൊതുസ്ഥലങ്ങളിലും നിരത്തുകളിലും പൊതുവഴികളിലും തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിരോധിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയിട്ടുമുണ്ട്.
പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് മാഹി നഗരസഭ കമ്മീഷണർ അറിയിച്ചു.
Kerala
തിരുവനന്തപുരം: നികുതി പിരിവ് ഊർജിതമാക്കാൻ സംസ്ഥാനത്ത് ടാക്സ് ഡ്രൈവ് നടത്തുമെന്നും നികുതി വെട്ടിപ്പുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നികുതി വെട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ട്.
ടാക്സില്ലാതെ കേരളത്തിൽ കൊണ്ടു വന്ന് സാധനങ്ങൾ വ്യാപകമായി വിൽക്കുന്നു. ഇത്തരം നികുതി വെട്ടിപ്പുകാരെ കർശനമായി നേരിടും. ഇവർ കള്ളക്കച്ചവടം നടത്തുന്പോൾ പൂട്ടിപ്പോകുന്നത് സർക്കാരിന് നികുതി നൽകുന്ന യഥാർഥ സ്ഥാപനങ്ങളാണ്. ഇതവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കരിമണൽ മേഖലയിൽ സഹകരണത്തിനായി സ്വകാര്യ കന്പനിയുമായി കരാറുണ്ടാക്കിയ ശേഷം ഭരണത്തിൽ നിന്നിറങ്ങിയ ഇടതുപക്ഷമാണ് കരിമണൽ മേഖല സ്വകാര്യവത്കരിക്കുന്നെന്ന് ആരോപിച്ച് യുഡിഎഫ് സർക്കാരിനെ ആക്ഷേപിക്കുന്നത്. വേണ്ടാത്തതൊന്നും ഈ സർക്കാർ ചെയ്യില്ല. സർക്കാരിന്റെ തെറ്റുകൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയാൽ, അത് ശരിയാണെന്ന് ഭരണപക്ഷത്തിനു കൂടി ബോധ്യപ്പെട്ടാൽ ഒരു മാപ്പു കൂടി പറഞ്ഞ് അത് പിൻവലിക്കും.
യുഡിഎഫ് എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചേ ചെയ്യൂ. കേരളത്തിന്റെ താത്പര്യത്തിനു വിരുദ്ധമായി യുഡിഎഫ് ഒന്നും ചെയ്യില്ല. ഒരു വകുപ്പിലും ചെയ്യില്ല. മൂന്നു മാസം കഴിയുന്പോൾ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും പ്രാവർത്തികമായി തുടങ്ങും. ഇത് സർക്കാരിനു വേണ്ടി താൻ നൽകുന്ന വാക്കാണെന്നും സതീശൻ പറഞ്ഞു.
ലൈഫ് പദ്ധതി നിർത്തിവയ്ക്കാൻ പോകുന്നെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരാക്ഷേപം. നിർത്താൻ പോകുന്ന പദ്ധതിക്ക് ബജറ്റിൽ പണം വകയിരുത്തുമോ. എന്നാൽ ലൈഫ് പദ്ധതിയെ പറ്റി പട്ടിക വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും പരാതിയുണ്ട്. അതുകൊണ്ടാണ് അവർക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് അക്കാര്യത്തിൽ അവർക്ക് വാക്കു നൽകിയതാണ്. അതു പാലിക്കും.
യുഡിഎഫ് സർക്കാർ അവതരിപ്പിച്ചത് വ്യത്യസ്തമായ ബജറ്റാണ്. പരന്പരാഗതമായ രീതിയിൽ നിന്നും കുറെ മാറി ചിന്തിച്ചു തന്നെയാണ് ബജറ്റ് തയാറാക്കിയത്.ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികൾ പോലും ഭാവിയിൽ നിർത്തിവയ്ക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയിലേക്ക് കേരളം നീങ്ങുന്നത് മുന്നിൽ കണ്ടുകൊണ്ടാണ് മാറി ചിന്തിച്ചത്.
അത്ഭുതപ്പെടുത്തുന്ന അളവിൽ കേരളത്തിൽ നിന്നുള്ള പണം ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നുണ്ട്. നാൽപതു ലക്ഷത്തിനും അന്‍പതു ലക്ഷത്തിനും ഇടയിലുള്ള ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. ആ പണം മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു. അത് കേരളത്തിന്റെ സന്പദ് വ്യവസ്ഥയുടെ അടിത്തറ മാന്താൻ പര്യാപ്തമായ ഒഴുക്കാണ്.
അതിനാൽ സർക്കാർ ഇക്കാര്യം വിശദമായി പഠിക്കും. കേരളത്തിന്റെ സാന്പത്തികാവസ്ഥയെ ഇത് എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കും. ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടക്കാൻ പരമാവധി നിക്ഷേപം കൊണ്ടുവരണം.
സർക്കാർ വളരെ ഗൗരവതരമായി അര ഡസൻ ഇക്കണോമിക് മോഡലുകൾ കൊണ്ടുവരികയാണ്. അത് നിക്ഷേപകർക്കു മുന്നിൽ വയ്ക്കും. പരമാവധി നിക്ഷേപം സ്വീകരിച്ച് ഈ പ്രതിസന്ധികളെ സർക്കാർ മറികടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
District News
അനധികൃത മത്സ്യബന്ധന വലകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു
ആലപ്പുഴ: ഊത്തമത്സ്യങ്ങളുടെ സംരക്ഷണവും ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾ തടയുന്നതും ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് നടപടികൾ കടുപ്പിച്ചു. പള്ളിപ്പാട് നാലുകെട്ടുംചിറ, 28-ാം കടവ്, കരിപ്പുഴ, പനയ്ക്കൽതോട് തുടങ്ങിയ പ്രദേശങ്ങളിൽ ഫിഷറീസ് വകുപ്പ് വിപുലമായ ഇൻലാൻഡ് പട്രോളിംഗ് നടത്തി. പരിശോധനയ്ക്കിടെ പുഴകളിൽ അനധികൃതമായി സ്ഥാപിച്ച മത്സ്യബന്ധന വലകൾ കണ്ടെത്തി നശിപ്പിച്ചു. വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യയിനങ്ങളായ മഞ്ഞക്കൂരി, ആറ്റുവാള, പുലിവഹാൽ എന്നിവ വലകളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഈ മത്സ്യങ്ങളെ തിരികെ ജലാശയത്തിലേക്ക് തുറന്നുവിട്ടു.
മത്സ്യങ്ങളുടെയും ജലത്തിന്റെയും സ്വാഭാവിക ഒഴുക്കിനു തടസം സൃഷ്ടിച്ച അഞ്ച് നിർമിതികൾ പൂർണമായും പൊളിച്ചുനീക്കുകയും ജലാശയങ്ങളിൽ സ്ഥാപിച്ചിരുന്ന മത്സ്യക്കൂടുകൾ തകർക്കുകയും ചെയ്തു. നിരോധിത വല ഉപയോഗിച്ചും മത്സ്യബന്ധന രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയും മത്സ്യബന്ധനം നടത്തിയ ഒരാൾക്ക് നോട്ടീസ് നൽകി. ഇയാൾക്കെതിരേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ സ്വീകരിക്കും.
പട്രോളിംഗിനോടനുബന്ധിച്ച് പ്രദേശവാസികൾക്ക് ബോധവത്കരണവും നൽകി. മുൻപ് നോട്ടീസ് ലഭിച്ച, പിഴ അടച്ച വ്യക്തികളാരും നിലവിൽ അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് പരിശോധനയിൽ ഉറപ്പുവരുത്തി.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതി ജോയുടെ നേതൃത്വത്തിൽ നടന്ന പട്രോളിംഗിൽ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സീതാലക്ഷ്മി, ഫിഷറീസ് ഓഫീസർമാരായ അമൽ, ഓഫീസ് അറ്റൻഡന്റ് ചന്ദുരാജ്, അക്വാകൾച്ചർ പ്രമോട്ടർ സലീന, സാഗർമിത്ര ഹിലാൽ, മോട്ടിവേറ്റർ ബിന്റോ, സീ റെസ്ക്യു സ്ക്വാഡ് അംഗങ്ങളായ രാഹുൽ, ബാസ്റ്റിൻ, ഹരിപ്പാട് സിപിഒ ശ്രീനാഥ് എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിൽ പട്രോളിംഗ് തുടരുമെന്നും അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പരാതികൾ 0477 2251103 എന്ന നമ്പരിലോ സമീപത്തെ മത്സ്യഭവൻ ഓഫീസുകളിലോ അറിയിക്കാം.
Kerala
തൃശൂർ: കേരള സർക്കാർ സാംസ്കാരികവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സാംസ്കാരികപ്രവർത്തക ക്ഷേമനിധി പെൻഷനുമായി ബന്ധപ്പെട്ട് കേരള സംഗീതനാടക അക്കാദമിയുടെ പേര് ദുരുപയോഗപ്പെടുത്തി വ്യാജപരസ്യം പ്രചരിപ്പിച്ച കോട്ടയം മല്ലപ്പള്ളിയിലെ ആർട്ടിസ്റ്റ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷനെതിരേ (എസിഡബ്ല്യുഎ) കർശനനടപടി സ്വീകരിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.
പെൻഷനുള്ള അപേക്ഷയ്ക്ക് എന്നപേരിൽ ഒരു സ്വകാര്യവ്യക്തി ഗൂഗിൾപേ വഴി പണം പിരിക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിനാൽ ഇക്കാര്യത്തിൽ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും ഏജൻസിയെയോ സംഘടനയെയോ സാംസ്കാരികപ്രവർത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ അയയ്ക്കുവാൻ സർക്കാരോ അക്കാദമിയോ ചുമതലപ്പെടുത്തിയിട്ടില്ല.
അതിനാൽ കലാകാരന്മാർ ആരുംതന്നെ ഈ വ്യാജപരസ്യത്തിൽ വഞ്ചിതരാകരുതെന്നു സെക്രട്ടറി അറിയിച്ചു. ഇത്തരം വ്യാജപരസ്യങ്ങളോ പണപ്പിരിവോ ശ്രദ്ധയിൽപ്പെട്ടാൽ ഇക്കാര്യം അക്കാദമിയെ 0487 2332134എന്ന നന്പറിൽ അറിയിയിക്കണമെന്നും സെക്രട്ടറി അഭ്യർഥിച്ചു.
ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷകൾ അക്ഷയ വഴിയോ, നേരിട്ട് ഓണ്‍ലൈനായോ ആണ് നൽകേണ്ടത്. അപേക്ഷയിൽ ബന്ധപ്പെട്ട സാംസ്കാരികസ്ഥാപനങ്ങളുടെ ശിപാർശയോടെയാണ് അംഗത്വം നൽകുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും.
പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതുമായ നിരവധി യുആർഎല്ലുകൾ ഇതിനകം നീക്കംചെയ്തതായി കേരള പോലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഔദ്യോഗികമായി വിശദീകരണം നൽകിയ കാര്യങ്ങളിൽപോലും തെറ്റായ വ്യാഖ്യാനങ്ങൾ നൽകി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഇടപെടൽ. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബർ വിഭാഗം നടപടി സ്വീകരിക്കും.
നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കംചെയ്യുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ഉദ്യമങ്ങളിൽനിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ ഫോർവേഡ് ചെയ്യുകയോ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും പോലീസ് അറിയിച്ചു.
തെറ്റായ വിവരങ്ങൾ ബോധപൂർവം നിർമിക്കുന്നവർക്കും അത് പങ്കുവയ്ക്കുന്നവർക്കുമെതിരേ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.
Kerala
കണ്ണൂർ: ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുകയും നഷ്ടപരിഹാരവും നൽകുകയും ചെയ്യണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
അതീവ ഗുരുതരവും ഞെട്ടിപ്പിക്കുന്ന സംഭവവുമാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ നടന്നത്. ആരോഗ്യമേഖല അമേരിക്കൻ നിലവാരത്തിലെത്തിയെന്നു മേനി പറയുന്ന ഇടതുസർക്കാർ ആരോഗ്യമേഖലയെ തകർക്കുകയാണു ചെയ്തതെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kerala
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ട സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെയും ജില്ലാ മെഡിക്കൽ ഓഫീസറെയും ലക്ഷ്യമിട്ട് നടന്ന അതിക്രമങ്ങൾക്കും ആൾക്കൂട്ട വിചാരണയ്ക്കുമെതിരെ കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും.
ആശുപത്രിയിൽ അതിക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും വിദഗ്ധസമിതി രൂപീകരിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങി എടുത്തുചാടിയുള്ള നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങാൻ സംഘടന നിർബന്ധിതമാകുമെന്നും കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം പ്രസ്താവനയിൽ അറിയിച്ചു.
National
ന്യൂഡല്‍ഹി: പഠനം പൂര്‍ത്തിയാക്കിയ ശേഷം ബോണ്ടിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ ചൂഷണം ചെയ്ത് യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്ന സ്ഥാപനങ്ങൾക്കുമേൽ കര്‍ശനനടപടിയുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്.
നഴ്സിംഗ് സ്ഥാപനത്തില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടും സ്ഥാപനത്തിനു കീഴിലുള്ള ആശുപത്രികളില്‍ ബോണ്ടിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളില്‍നിന്ന് നിര്‍ബന്ധിത ബോണ്ട് ആവശ്യപ്പെടുന്നതും അതിനായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുന്നതും അധാര്‍മിക നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കും സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍മാര്‍ക്കും നഴ്സിംഗ് സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും നല്‍കിയതായി മന്ത്രാലയം കഴിഞ്ഞമാസം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
സുപ്രീംകോടതി നിര്‍ദേശത്തത്തുടര്‍ന്ന് മിക്ക സ്ഥാപനങ്ങളും നിര്‍ബന്ധിത ബോണ്ട് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ചില സ്ഥാപനങ്ങള്‍ ബോണ്ട് തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നടപടി ശക്തമാക്കിയത്.
Kerala
കോഴിക്കോട്: ഇൻഷ്വറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി ശിപാർശ ചെയ്യുന്ന നിയമം വരുന്നു. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിർദേശിക്കുന്നതരത്തിൽ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്താനാണു നീക്കം.
നിരത്തുകളിൽ ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം ഉയരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങൾക്കെതിരേ നടപടി കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സാധുവായ രജിസ്ട്രേഷൻ, പെർമിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങളും പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കാനാണ് നിലവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുള്ളത്. ഇതേ നിയമമാണ് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങളുടെ കാര്യത്തിലും ബാധകമാകുകയെന്നാണ് വിവരം. തേർഡ് പാർട്ടി ഇൻഷ്വറൻസ് എങ്കിലും ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവരുന്നത്.
ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങളിലേറെയും ഇരുചക്ര വാഹനങ്ങളാണെന്നാണു നിരീക്ഷണം. ചെറിയ തോതിലെങ്കിലും മറ്റു വിഭാഗങ്ങളിലെ വാഹനങ്ങളും ഇൻഷ്വറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങാറുണ്ട്.
നിലവിലെ നിയമമനുസരിച്ച് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ആദ്യ തവണ 2,000 രൂപയും വീണ്ടും ഇതേ നിയമലംഘനത്തിനു പിടിക്കപ്പെട്ടാൽ 4,000 രൂപ പിഴ ഈടാക്കുകയും കൂടാതെ മൂന്നു മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണു ചുമത്തുന്നത്.
National
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ് 3,500 പോസ്റ്റുകളും 600 അക്കൗണ്ടുകളും നീക്കം ചെയ്തു. അശ്ലീല ഉള്ളടക്കങ്ങൾക്കെതിരേ സർക്കാർ നൽകിയിരുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാതിരുന്ന എക്സ് ഒടുവിൽ തെറ്റ് സമ്മതിച്ചെന്നും ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകിയെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് അധിക്ഷേപകരവും അശ്ലീലകരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചിരുന്ന പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്തത്.
വ്യക്തികളുടെ അശ്ലീല വ്യാജചിത്രങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ എക്സിന്റെ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് എഐ’ ഉപയോക്താക്കളുടെ ആവശ്യപ്രകാരം ജനറേറ്റ് ചെയ്തു നൽകിയത് ആഗോളതലത്തിൽ വ്യാപക വിമർശനത്തിനു വഴിവച്ചിരുന്നു.
വിഷയം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയം എക്സിനോട് ഇന്ത്യയിലെ ഐടി നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഗ്രോക് എഐയിലെ അശ്ലീല ഉള്ളടക്കങ്ങൾ നിയന്ത്രിക്കണമെന്നും ഇന്ത്യയിലെ ഐടി നിയമങ്ങൾ പാലിക്കാത്തപക്ഷം ഇന്ത്യൻ നിയമങ്ങൾക്കു കീഴിൽ ലഭിച്ചുവരുന്ന നിയമപരിരക്ഷ എക്സിന് ഇല്ലാതാകുമെന്നും കേന്ദ്രം കഴിഞ്ഞ രണ്ടിന് എക്സിന് അയച്ച നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തേ ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം പലതവണ എക്സിന് നോട്ടീസുകൾ നൽകിയതോടെ വ്യക്തികളുടെ അശ്ലീല വ്യാജചിത്രങ്ങൾ അടക്കമുള്ള തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്നു വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: ക്രിസ്മസ് പ്രാർഥനകൾക്കും ആഘോഷങ്ങൾക്കും നേരേ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾ അപലപനീയമെന്നും അക്രമങ്ങളിൽ കർശന നടപടി എടുക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.
മധ്യപ്രദേശ്, ആസാം, ഛത്തീസ്ഗഡ്, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങൾ ലോകസമൂഹത്തിന്റെ മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ്. ചിലയിടങ്ങളിൽ ക്രിസ്മസ് ദിനത്തിൽ കുർബാനയ്ക്കു വരെ തടസങ്ങൾ ഉണ്ടാക്കി.
മതവിശ്വാസം ചോദ്യം ചെയ്യപ്പെടുകയും ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാൻ പറ്റാത്തതുമായ അവസ്ഥ ഇന്ത്യൻ ഭരണഘടനയെതന്നെ ഇല്ലാതാക്കലും ജനാധിപത്യത്തെ പരാജയപ്പെടുത്തലുമാണ്. സാന്താക്ലോസ് തൊപ്പികൾ വിൽക്കാനും അലങ്കാരത്തിനോ പോലും ചിലയിടങ്ങളിൽ അനുവാദമില്ല എന്നതു ഗൗരവതരമായി എടുത്തേ പറ്റൂ.
കരോൾ പ്രോഗ്രാമുകൾ പോലും തടസപ്പെടുത്തി അക്രമങ്ങൾ നടത്തുന്നത് ന്യായീകരിക്കാനാകില്ല. സർക്കാരിന്റെ മൗനം ആക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്ന് ഓർക്കണം.
കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു എന്നിരിക്കേ ക്രിസ്മസ് വിരുന്നുകളിലെ നയതന്ത്രമല്ല ഭരണപരമായ നടപടി എടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഭരണഘടന ഉറപ്പുതരുന്ന തുല്യത, ജാതി, മത, വർഗലിംഗ വിവേചനങ്ങളിൽനിന്നുള്ള സരംക്ഷണം, മത സ്വാതന്ത്ര്യം എന്നിവയെല്ലാം സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പറഞ്ഞു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജന. സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് പുറത്താക്കി. വെള്ളിയാഴ്ച രാത്രിയിൽ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിലെ കണ്ടക്ടർക്കെതിരെ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികളാണ് പരാതി നൽകിയത്.
അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്താണ് വിദ്യാർഥിനികൾ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇവരെ ഈ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്ത് പൊങ്ങത്തു ബസ് നിർത്തി നൽകണമെന്ന് മറ്റ് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ സമ്മതിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് യാത്രക്കാർ കൊരട്ടി പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂരിൽ എത്തിയപ്പോൾ ബസ് നിർത്താമെന്ന് കണ്ടക്ടർ അറിയിച്ചു. എന്നാൽ ഇവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്ന് ഇവർ അറിയിച്ചു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.